-->

ജിയോയെ നേരിടാൻ എയർടെൽ, 135 mbps വേഗം, 51 രൂപയ്ക്ക് 1GB ഡേറ്റ...





രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമാകുകയാണ്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വൻ പ്രഖ്യാപനങ്ങളുമായി മുന്നോട്ടുവന്നതോടെ വരിക്കാരെ പിടിച്ചുനിർത്താൻ എയർടെൽ, ഐഡിയ, വൊഡാഫോൺ കമ്പനികൾ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയൻസ് ജിയോയുടെ വാഗ്ദാനങ്ങൾ എന്തുവിലകൊടുത്തും നേരിടാനൊരുങ്ങുകയാണ് എയർടെൽ. രാജ്യത്ത് എല്ലായിടത്തും അതിവേഗ 4ജി സേവനം ഉടൻ തന്നെ ലഭ്യമാക്കുമെന്ന് എയർടെൽ അധികൃതർ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിൽ 135 mbps വേഗമുള്ള 4ജി സേവനം കൊണ്ടുവന്നിരുന്നു. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വേഗമുള്ള 4ജി സേവനമാണിത്.
കാരിയര്‍ അഗ്രഗേഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ എല്ലായിടത്തും വേഗമേറിയ ഡേറ്റാ സേവനമാണ് ജിയോ നൽകുന്നത്. ഈ പദ്ധതിയെ നേരിടാനുള്ള സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുവരാനാണ് എയർടെൽ ലക്ഷ്യമിടുന്നത്. മുംബൈയ്ക്ക് പുറമെ കേരളത്തിലും അതിവേഗ 4ജി എയര്‍ടെല്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.
നിലവിൽ ജിയോയുടെ 4ജി വേഗം 50–90 mbps വരെയാണ്. ഈ വേഗം മിക്ക സ്ഥലങ്ങളിലും ലഭ്യമല്ലെങ്കിലും മറ്റു സേവനങ്ങളെ അപേക്ഷിച്ച് മികച്ച സ്പീഡാണ് ജിയോ നൽകുന്നത്. നിലവിലെ 4ജി വേഗതയേക്കാൾ 40-60 ശതമാനം ഉയർത്താനാണ് എയര്‍ടെല്‍ പദ്ധതി. ഉപഭോക്താക്കൾക്ക് താരീഫ് നിരക്കിനേക്കാൾ പ്രധാനം സ്ഥിരതയുള്ള, വേഗതയുളള ഡേറ്റാ കൈമാറ്റമാണ്.
ഇതിനിടെ എയർടെൽ ഡേറ്റാ നിരക്കുകളും കുത്തനെ കുറിച്ചു. 51 രൂപയ്ക്ക് ഒരു ജിബി 3ജി, 4ജി ഡേറ്റ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഈ ഓഫർ ലഭിക്കാൻ തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാർജ് ചെയ്യണം. പിന്നീട് 51 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫറിന്റെ കാലാവധി 12 മാസമാണ്. 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1ജിബി ഡേറ്റ ഉപയോഗിക്കാം.
സമാനമായ രീതിയിൽ 748 രൂപയ്ക്ക് റീചാർജ് ചെയ്താൽ ആറ് മാസത്തോളം 99 രൂപയ്ക്ക് 1 ജിബി ഡേറ്റ ഉപയോഗിക്കാനും കഴിയും. നിലവിൽ എയർടെൽ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്. വിപണിയിലെ ശക്തമായ മൽസരത്തെ തുടർന്ന് എയർടെൽ നിരക്കുകൾ 80 ശതമാനം വരെ കുറച്ചു.