2 സെക്കന്റിനിടെ ഈ ഫോൺ വാങ്ങാനെത്തിയത് 70,000 പേർ!...
1 min read
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ പുറത്തിറങ്ങിയ ചൈനീസ് കമ്പനിയുടെ സ്മാർട്ട്ഫോണിനു ഇന്ത്യയിൽ വൻ ജനപ്രീതി. ഇന്ത്യയിൽ എൽഇ ഇക്കോ സ്മാർട്ട് ഫോണുകൾ ഫ്ലാഷ് സെയിലിലൂടെ വിപണിയിലെത്തിച്ച ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് വിൽപ്പന നടന്നു. ഫ്ലിപ് കാർട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഫ്ലാഷ് സെയിയിൽ കേവലം 2 സെക്കന്റ് സമയത്തിൽ 70,000 എൽഇ1 എസ് ഫോണുകൾ വിറ്റുപോയെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി ഈ ചൈനീസ് കമ്പനി സ്വന്തമാക്കി. 6,05,000 പ്രീ സെയിൽ രജിസ്ട്രേഷനുകളാണ് എൽ. ഇ 1 എസ് വളരെ ചുരുങ്ങിയ സമയത്ത് നേടിയെടുത്തത്. ഇന്ത്യൻ വ്യവസായ രംഗത്ത് പുതിയ മൂന്ന് റെക്കോർഡുകൾ എഴുതി ചേർത്തു കൊണ്ടാണ് എൽ.ഇ ടിവിയുടെ എൽ.ഇ ഇക്കോ ഫോണുകൾ ഇന്ത്യയിലേക്കുള്ള വരവ് ആഘോഷിച്ചത്.
ഒരു ഫ്ലാഷ് സെയിലിൽ വിൽക്കുന്ന ഫോണുകളുടെ എണ്ണം, കുറഞ്ഞ സമയത്ത് വിറ്റുപോയ ഫോണുകളുടെ എണ്ണം, ഉയർന്ന പ്രീ സെയിൽ രജിസ്ടേഷൻ എന്നിവയാണ് എൽ.ഇ 1 എസ് വിൽപ്പനയിലൂടെ എൽ.ഇ ഇക്കോ സ്വന്തം പേരിലാക്കിയ റെക്കോർഡുകൾ.
എൽഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പ്രധാന കാമറയും 5 മെഗാ പിക്സൽ മുൻകാമറയുമായി എത്തിയിരിക്കുന്ന എൽ.ഇ 1 എസിന്റെ പ്രോസസർ 2.2 ജിഗാ ഹെട്സ് വേഗത നൽകുന്നതാണ്. 1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് സ്ക്രീനോട് കൂടിയ ഈ ഫോണിന് 3 ജിബി റാമും 32 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ആൻഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് എൽഇ 1 എസ് പ്രവർത്തിക്കുന്നത്. 3000 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് എൽഇ 1 എസിന്റേത്. ഈ ഫോണിന്റെ 32 ജിബി വേരിയന്റ് 10,999 രൂപയ്ക്കാണ് ഫ്ലാഷ് സെയിലിനെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ