-->

251 രൂപയ്ക്ക് ഫോൺ, സർക്കാറിനു പങ്കില്ല, 500 കോടിയുടെ പദ്ധതി




നോയിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന റിംഗിങ് ബെല്ലിന്റെ പുതിയ സ്മാർട്ട്ഫോൺ നിർമ്മാണത്തിലോ വിൽപനയിലോ കേന്ദ്രസർക്കാറിനു പങ്കില്ലെന്ന് കമ്പനി മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം ബിജെപി എംപി മുരളി മനോഹർ ജോഷിയാണ് പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. 251 രൂപയ്ക്ക് ഫോൺ നൽകാൻ കഴിയുന്നത് കേന്ദ്രസർക്കാറിന്റെ സഹായം കൊണ്ടാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നു വിശദീകരണവുമായി കമ്പനി മേധാവി തന്നെ രംഗത്തെത്തിയത്.

            അതേസമയം, ഫ്രീഡം 251 അവതരണ വേദയിൽ കേന്ദ്ര സർക്കാറിന്റെ പദ്ധതികളായ ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ നിറഞ്ഞുനിന്നു. ഇതു സർക്കാറിന്റെ പദ്ധതിയാണോ എന്ന് ചോദിച്ചവരും കുറവല്ല. അതേസമയം, പുതിയ ഹാൻഡ്സെറ്റിന്റെ ഭാഗങ്ങൾ എവിടെയാണ് നിർമ്മിച്ചതെന്ന് കമ്പനി വ്യക്തമാക്കിയില്ല .

ഹാൻഡ്സെറ്റിലെ ചിപ്സെറ്റ് തായ്‌വാനിൽ നിന്നു ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോർട്ട്. അടുത്ത ഒരു വർഷത്തിനകം ഫ്രീഡം 251 ന്റെ 70 ശതമാനം ഭാഗങ്ങളും ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതിയെന്നും കമ്പനി വക്താവ് അറിയിച്ചു. പിന്നീട് ഇത് 100 ശതമാനമാക്കുമെന്നും റിംഗിങ് ബെൽ മേധാവി അശോക് ചാധ പറഞ്ഞു.


ഇന്ത്യയിൽ രണ്ടു നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങും. ഇതിലേക്കായി 500 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനിക്കു പദ്ധതിയുണ്ട്. ഓരോ മാസവും അഞ്ചു ലക്ഷം സ്മാർട്ട്ഫോൺ നിർമ്മാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫ്രീഡം 251 നു സർക്കാർ സബ്സിഡി നൽകുന്നില്ല. വർഷങ്ങളായുള്ള സൗഹൃദത്തിന്റെ പേരിലാണ് മുരളി മനോഹർ ജോഷിയെ ചടങ്ങിനു വിളിച്ചതെന്നും കമ്പനി മേധാവി അറിയിച്ചു. 

         ഒരോ മാസവും ഒരു കോടി ഹാൻഡ്സെറ്റുകൾ വിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.5 ലക്ഷം ഓർഡറുകൾ ലഭിച്ചാൽ നിലവിലെ ബുക്കിങ് നിർത്തുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 251 രൂപയുടെ ഫ്രീഡം 251 സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഹാൻഡ്സെറ്റിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ആദ്യപ്രതികരണങ്ങളും വിഡിയോകളും വന്നുതുടങ്ങി. എല്ലാവർക്കും ബുക്ക് ചെയ്യാമെന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. എന്നാൽ ഭാഗ്യമുള്ളവർക്കെ ഈ ഫോൺ ലഭിക്കൂ എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഹാൻഡ്സെറ്റ് ഷിപ്പിങ് ചെയ്യില്ല. ഒരു വർഷം വാറന്റി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തയില്ല.

വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് ബുക്കിങ് തുടങ്ങിയത്. എന്നാൽ ബുക്കിങ്ങിനു പലർക്കും സാധിച്ചില്ല. ചില സമയങ്ങളിൽ വെബ്സൈറ്റ് ഹാങ്ങായി. ചിലർക്ക് പെയ്മെന്റ് നൽകാനാകുന്നില്ല. ആദ്യ മണിക്കൂറിലെ വൻ ട്രാഫിക്ക് താങ്ങാൻ കഴിയാതെ വെബ്സൈറ്റ് ഡൗണായി.

freedom251.com എന്ന വെബ്സൈറ്റിൽ കയറി ബൈനൗ ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വ്യക്തി വിവരങ്ങൾ നൽകുക. 251 രൂപയുടെ കൂടെ ഷിപ്പിങ് ചാർജായി 40 രൂപയും വാങ്ങുന്നുണ്ട്. ആകെ 291 രൂപ നൽകണം. അതേസമയം, വ്യക്തിവിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ ഹോം പേജിലേക്കു തന്നെ തിരിച്ചുവരുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

അതേസമയം, 251 രൂപയ്ക്ക് ലഭിക്കുന്ന ഹാൻഡ്സെറ്റിനെ മുൻനിര കമ്പനികളുടെ സ്മാർട്ട്ഫോണുകളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ടെക്ക് വിദഗ്ധർ പറയുന്നത്. ഡിജിറ്റൽ രംഗത്ത് അറിയപ്പെടാത്ത പുതിയ ബ്രാന്റാണ് റിംഗിങ് ബെൽ. അതുകൊണ്ടു തന്നെ പുതിയ ഉൽപന്നത്തിന്റെ മികവിനെ വിലയിരുത്താനാവില്ല. എന്നാൽ എത്രത്തോളം ഹാൻഡ്സെറ്റുകൾ നിർമ്മിച്ചെന്നോ എല്ലാവർക്കും എത്തിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത നൽകിയിട്ടില്ല. നാലു മാസത്തിനകം ബുക്ക് ചെയ്തവർക്ക് ഹാൻഡ്സെറ്റ് എത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്.

source:- manorama