കെട്ടു പിണയുന്ന ഹെഡ് സെറ്റിന്‍റെ കെട്ടഴിയുന്ന ശാസ്ത്രം..
മൊബൈല്‍ ഡിവൈസുകളുടെ വിപ്ലവത്തോടെ ഹെഡ് സെറ്റുകള്‍ ഉപയോഗിക്കുന്നത് സര്‍വ സാധാരണമായല്ലോ. പാട്ടും ശബ്ദവും ഒക്കെ കൂടുതല്‍ സ്പഷ്ടമായ രീതിയില്‍ ആസ്വദിക്കാനും ശ്രവണ സുഖം പ്രദാനം ചെയ്യാനും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സൌകര്യപ്രദമായി ഹാന്‍ഡ്‌സ് ഫ്രീ ആകാനും ഒക്കെ പഴയ ‘വാക്മാന്‍’ കാലം മുതല്‍ ഈ ‘വയറന്‍’ ഡിവൈസ് നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നു.കാര്യം ഇതൊക്കെയാണെങ്കിലും ഈ ഹെഡ് ഫോണുകളില്‍ കുരുക്കു വീഴുന്നത് നിത്യം ഒരു തലവേദനയാണ്‍ എത്ര കുരുക്കഴിച്ചു വച്ചാലും വീണ്ടും ഈ വയറുകള്‍ കുരുങ്ങി ഇരിക്കുന്നത് കണ്ടു ദേഷ്യം വരാത്ത എത്രയാളുകള്‍ ഉണ്ട് നമ്മുടെയിടയില്‍? കിടക്കയില്‍,സോഫയില്‍,മേശപ്പുറത്ത് ഒക്കെ വെറുതേ ഇട്ട ശേഷമോ പോക്കറ്റില്‍ നിന്നോ ബാഗില്‍ നിന്നോ കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നോ ഒക്കെ ലിവനെ വലിച്ചെടുക്കുമ്പോഴോ ഒക്കെ തലങ്ങും വിലങ്ങും കെട്ടുപിണഞ്ഞിരിക്കുന്നത് കണ്ടാല്‍ നമ്മളെ വട്ടു പിടിപ്പിക്കാന്‍ വേണ്ടി ആരോ മനപൂര്‍വ്വം എടുത്തു കുരുക്കി വച്ചതാണെന്നു തോന്നിയിട്ടില്ലേ? ഉപയോഗിക്കുന്നതിനു മുന്‍പ് എല്ലാ തവണയും ഭേദപ്പെട്ടൊരു സമയം ഹെഡ് സെറ്റിന്റെ കുരുക്കഴിക്കാന്‍ ചെലവാക്കുന്നുമുണ്ട്! പൊതു പരിപാടികള്‍ ഒക്കെ കഴിയുമ്പോഴും വീട്ടില്‍ ചെറുകിട ഇലക്ട്രോണിക് കിടുപികള്‍ ഒക്കെ ചെയ്യുമ്പോള്‍ ഒക്കെയും ഇല്കട്രീഷ്യന്മാര്‍ ഒക്കെ കാണ്ഡം കാണ്ഡമായി കിടക്കുന്ന വയറുകള്‍ കുരുക്കഴിക്കാന്‍ സമയം കൊല്ലുന്നതും സ്ഥിരം കാഴ്ചയുമാണ്.
നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും! എന്തായാലും ഈ ആഗോള പ്രതിഭാസത്തിനു പിന്നിലെ ‘സംഗതി’ കണ്ടുപിടിക്കാന്‍. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോറിയന്‍ റെയ്മര്‍,ഡഗ്ലസ് സ്മിത്ത് എന്നീ ശാസ്ത്രഞ്ജര്‍ മെനക്കെട്ടിറങ്ങി.ഹെഡ് സെറ്റ് ആശാന്മാര്‍ ഇങ്ങനെ കെട്ടു പിണയുന്നത്തിന്റെ പിന്നിലെ റോക്കറ്റ് സയന്‍സ് എന്താണെന്ന് നമുക്കൊന്നു നോക്കാം.
വിവിധ നീളത്തിലും സ്വഭാവത്തിലും ഉള്ള ഹെഡ് ഫോണുകളെ വിവിധ അളവുകളില്‍ ഉള്ള ചലിയ്ക്കുന്ന പായ്ക്കറ്റുകളില്‍ വച്ച് ആവര്‍ത്തിച്ചു നടത്തിയ നിരീക്ഷണ ഫലങ്ങളില്‍ നിന്നു തെളിഞ്ഞത് അതിശയകരമായ വസ്തുതകളാണ്.
രഹസ്യം ഇതാണ് : ഹെഡ് ഫോണുകളുടെ വയറിന്റെ നീളവും അടുത്തടുത്തുള്ള ചുറ്റുകളുടെ എണ്ണവും അത് പോക്കറ്റിലോ ബാഗിലോ വയ്ക്കുമോള്‍ അവിടെ ഉണ്ടാകുന്ന സമ്മര്‍ദവും ചലനങ്ങളും (തീരെ ചെറിയ ചലനങ്ങള്‍ മതി കുരുക്കു വീണു തുടങ്ങാന്‍) ഒക്കെ തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്!
ഈ ചിത്രത്തില്‍ നിന്നും ഒന്നോ രണ്ടോ ചെറിയ നീക്കങ്ങള്‍ കൊണ്ടു തന്നെ ഇവ എങ്ങിനെയാണ് താനേ കുരുക്കുകള്‍ ഉണ്ടാക്കുന്നതെന്നു പിടി കിട്ടും.
അടുത്തടുത്തിരിക്കുന്ന ചുറ്റുകള്‍ ഒന്നോ രണ്ടോ കരണം മറിയുമ്പോള്‍ തന്നെ ഒരു കൂട്ടം കെട്ടുകള്‍ രൂപപ്പെടും.ഹെഡ് ഫോണിന്റെ നീളത്തില്‍ ഉടനീളം പലയിടങ്ങളില്‍ ഇങ്ങനെ സംഭവിക്കും.ഹെഡ് ഫോണ്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് എടുത്തു മാറ്റുമ്പോള്‍ ഒക്കെയും ഇതു സംഭവിക്കാം. എന്തായാലും നമ്മള്‍ ഒന്നും ചെയ്തില്ലയെങ്കില്‍ പോലും ഹെഡ് സെറ്റ് വയറില്‍ കുരുക്കു വീഴാനുള്ള സാധ്യത 50% ആണ്. ഏതാണ്ട് 3400 തവണ ഈ പരീക്ഷണങ്ങള്‍ ഇവര്‍ ആവര്‍ത്തിച്ചു.ഹെഡ് സെറ്റിന്റെ നീളം കുരുക്കു വീഴാനുള്ള സാദ്ധ്യത ഇവ ഇവ ഒരു ഗ്രാഫില്‍ പ്ലോട്ടു ചെയ്തു നോക്കുമ്പോള്‍ രസകരമായ കാര്യങ്ങള്‍ പിടികിട്ടും!
46 സെന്റിമീറ്ററില്‍ താഴെ നീളമുള്ള ഹെഡ് ഫോണുകള്‍ തീരെ അപൂര്‍വമായി മാത്രമാണ് കെട്ടു പിണയുന്നത്. എന്നാല്‍ 46 സെന്റിമീറ്ററിനും 150 സെന്റിമീറ്ററിനും ഇടയിലുള്ള വയറുകള്‍ ആകട്ടെ അതിഭീകരമാം വിധം കുരുക്കുകള്‍ ഉണ്ടാക്കും. അതിലും നീളമുള്ള ഹെഡ് ഫോണുകള്‍ കുരുങ്ങാനുള്ള സാധ്യത കുറഞ്ഞു വരുന്നതായും കണ്ടു. ഹെഡ് ഫോണുകള്‍ പ്രത്യേകിച്ചും ‘Y’ ആകൃതിയില്‍ ആയതു കൊണ്ടു തന്നെ കുരുക്കു വീഴാനുള്ള സാദ്ധ്യത പതിന്മടങ്ങാണ്.നിങ്ങളുടെ ഹെഡ് സെറ്റ് ഇക്കൂട്ടത്തില്‍ ഏതു വിഭാഗത്തില്‍ വരുമെന്നു നോക്കിയാല്‍ മതി.
ആപ്പിള്‍ കമ്പനിയുടെ ഫോണ്‍ ഐപാഡ് ഐപോഡ് ഹെഡ് സെറ്റുകള്‍ ഏതാണ്ട് 140 സെ.മീ. നീളത്തില്‍ ഉള്ളവയാണ്. കുരുക്കു സാദ്ധ്യതാ ഗ്രാഫില്‍ മുകളില്‍ തന്നെയാണത്! കുരുക്കുകള്‍ മുന്നില്‍ കണ്ടു കൊണ്ടു തന്നെ അവ ഒഴിവാക്കാന്‍ ‘ലൂപ്പുകള്‍’ താനേ ഉണ്ടാകുന്നതു തടയാനും അത്ര പെട്ടെന്നു മടങ്ങാതെയിരിക്കാനും ഒക്കെ കുറച്ചു കൂടി കനമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ ഹെഡ് ഫോണുകള്‍ക്കുള്ള പേറ്റന്റ് അപേക്ഷ ആപ്പിള്‍ ഇതിനോടകം സമര്‍പ്പിച്ചു കഴിഞ്ഞു!
അപ്പോള്‍ പിടികിട്ടിയല്ലോ, ഹെഡ് സെറ്റ് കുരുങ്ങുന്ന കേസില്‍ ഫിസിക്‌സ് ആണ് വില്ലന്‍. നമ്മളല്ല. നമ്മള്‍ നല്ല കുട്ടികളാകുന്നു! പഠന ഫലങ്ങളില്‍ അതിയായ താല്പര്യം ഉള്ളവര്‍ക്ക് ഈ ഗവേഷണത്തെ സംബന്ധിച്ച റിസര്‍ച്ച് പേപ്പര്‍ ഇവിടെ നിന്നും വായിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ