-->

വാട്സാപ്പിനെ വെല്ലാൻ ഗൂഗിൾ മെസേജിങ് സിസ്റ്റം...




മെസ്സേജ് അയക്കാനുള്ള ആപ്പുകൾ എത്രമാത്രം ആവശ്യമുണ്ടോ അത്രമാത്രം അവയുടെ എണ്ണവും കൂടുന്നുണ്ട്. വാട്സാപ്പ് പോലെയുള്ള മെസേജിങ് ആപ്പുകൾ ആധിപത്യം പുലർത്തുന്ന ഇടത്തിലേക്ക് വീണ്ടും പുതിയവ വന്നാൽ എന്തായിരിക്കും അവസ്ഥ. എന്നുവച്ച് ഗൂഗിളിന് വെറുതെ ഇരിക്കാനാകുമോ? അധികം വൈകാതെ 'അലോ' എന്ന പേരിൽ സേർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളിന്റെ മെസ്സേജിങ് ആപ്പ് പുറത്തിറങ്ങുന്നു.
മെസേജ് അയക്കുക എന്ന പരിധിയിൽ ഒതുങ്ങാതെ കൂടുതൽ ഫീച്ചറുകളുമായാണ് 'അലോ' ഉപഭോക്താക്കളെ ആകർഷിക്കാനെത്തുന്നത്. ഉപഭോക്താവിന്റെ ലൊക്കേഷൻ, ഫോണിന്റെ ഗാലറിയിലുള്ളതോ അപ്പോൾ ക്യാമറയിൽ നിന്ന് എടുത്തതോ ആയ ചിത്രങ്ങൾ, വിഡിയോകൾ എന്നിവയും ഈ മെസേജിങ് ആപ്പ് വഴി പ്രിയപ്പെട്ടവർക്ക് പങ്കു വയ്ക്കാനാകും. എന്നാൽ ഓഡിയോ, മറ്റു ഡോക്യുമെന്റുകൾ എന്നിവ തൽക്കാലം പങ്കുവയ്ക്കാൻ ഇതിൽ കഴിയില്ലെന്നും സൂചനയുണ്ട്. എന്നാൽ ഈ സൗകര്യങ്ങളും ഉടൻ തന്നെ കാര്യക്ഷമാകുമെന്നും ഗൂഗിൾ സൂചന നൽകുന്നു.
സാധാരണ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള അവസരങ്ങൾക്കു പുറമെ ജിഫ് ഫോർമാറ്റിലുള്ള ചിത്രങ്ങളും 'അലോ'യിൽ മെസ്സേജ് ചെയ്യാനാകും. മാത്രമല്ല ഷെയർ ചെയ്യുന്ന ചിത്രത്തിൽ എന്തെങ്കിലും എഴുതണമെന്നു ആഗ്രഹമുള്ളവർക്ക് അതിനെയും സഹായിക്കുന്ന ഫീച്ചറുകൾ 'അലോ'യിൽ ലഭ്യമാണ്. കാപ്‌ഷനുകൾ പറ്റില്ലെങ്കിലും വാചകങ്ങളായി ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. എന്നാൽ ഈ സൗകര്യം ചിത്രങ്ങളിൽ മാത്രമാണ് ലഭ്യം. വിഡിയോ അയയ്ക്കുമ്പോൾ ഈ സൗകര്യം ലഭ്യമല്ല. 'അലോ'യുടെ ഏറ്റവും മികച്ച ഫീച്ചർ എന്ന് പറയാവുന്നത് മെസ്സേജിങ്ങിന്റെ വേഗത തന്നെയാണ്. വേഗത വർദ്ധിപ്പിക്കാനായി വാട്സാപ്പ് പോലെയുള്ള ആപ്പുകൾ ചെയ്യുന്നത് പോലെ ചിത്രങ്ങളും വീഡിയോകളും വലുപ്പം കംപ്രസ് ചെയ്താണ് മെസ്സേജ് ചെയ്യുക, എന്നതുകൊണ്ടാണ് വേഗത ഇത്ര കാര്യക്ഷമമാകുന്നത്. ഗൂഗിളിന്റെ തന്നെ മറ്റൊരു ചാറ്റ് ആപ്പായ ഹാങ് ഔട്ടിലുള്ളതിനേക്കാളും ശക്തമായിരിക്കും 'അലോ'യുടെ കംപ്രഷൻ മോഡ്.
'അലോ' ആപ്പ് ഉപയോഗിച്ച് സിനിമയോ മറ്റു വിഡിയോകളോ കാണാമെന്നു വിചാരിച്ചെങ്കിൽ തെറ്റി. മാത്രമല്ല വിഡിയോ മറ്റൊരാൾക്ക് ട്രിം ചെയ്ത് അയക്കാനും നിർവ്വാഹമില്ല. വിഡിയോകളുടെയും ചിത്രങ്ങളുടെയും ഓട്ടോമാറ്റിക് ഡൗൺലോഡ് ഒരു പ്രത്യേക ഓപ്‌ഷൻ വച്ച് നിയന്ത്രിയ്ക്കാൻ 'അലോ' ആപ്പ് അനുവദിക്കുന്നുണ്ട്‌, അത് വൈഫൈയിൽ ആണെങ്കിലും ആ നിയന്ത്രണം തുടരും.
മെസേജിങ് ആകർഷകമാക്കാൻ 3 തരം സ്റ്റിക്കർ പാക്കേജ് 'അലോ' ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്‌ഷനും 'അലോ' അനുവദിക്കുന്നു. വ്യത്യസ്തമായ 24 ഓളം സ്റ്റിക്കർ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ്. എങ്കിലും ഏതെങ്കിലും സിപ് ഫയലിനോടൊപ്പമോ ഏതെങ്കിലും യുആർഎലിനൊപ്പമോ ഈ സ്റ്റിക്കറുകൾ അയയ്ക്കാനാകില്ല. സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത ശേഷം "my stickers " എന്ന കാറ്റഗറിയിൽ സേവ് ചെയ്ത് വയ്ക്കാൻ കഴിയും. എല്ലാത്തരം വൈകാരിക അവസ്ഥകൾക്കും അനുയോജ്യമായ സ്റ്റിക്കറുകളും 'അലോ'യിൽ ലഭ്യമാണ്. വിശദമായ വിവരങ്ങൾ ആവശ്യപ്പെടുന്നയ്ക്ക് അതുപോലെയുള്ള പോലുള്ള സ്റ്റിക്കറുകൾ ലഭ്യമാണ്. സെക്സ്റ്റിങ്, കോണ്ടം, നിപ്പിൾസ് എന്നീ വാക്കുകൾക്ക് പകരം ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ വരെ അല്ലോയിൽ നിന്ന് ലഭിക്കും.
'അലോ'യുടെ വോയ്‌സ് മെസേജ് ഓപ്‌ഷൻ ഇപ്പോൾ വാട്സാപ്പിൽ ഉള്ളത് പോലെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകം വ്യത്യാസങ്ങൾ ഇതിൽ ഗൂഗിൾ കൊണ്ട് വന്നിട്ടില്ല. വാട്സാപ്പ് പോലെ തന്നെ നിങ്ങളുടെ ഫോൺ നമ്പറുമായി തന്നെയാണ് 'അലോ'യും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നമ്പർ കൈവശമുള്ളവർക്ക് അതിൽ നിന്നും ആൾക്കാരെ കണ്ടെത്തി ഇതിലേയ്ക്ക് സ്വാഭാവികമായി ചാറ്റിലേയ്ക്ക് ചേർക്കാനാകും. നമ്പർ വഴി മാത്രമല്ല ഗൂഗിൾ അക്കൗണ്ട് വഴിയും ഇതിൽ ആളുകളെ കൂട്ടി ചേർക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഗൂഗിൾ അക്കൗണ്ട് നിർബന്ധമല്ല.
ചേർക്കുന്ന ആൾക്കാരുടെ സ്വകാര്യമായ സ്വഭാവങ്ങളെയും വ്യക്തിത്വത്തെയും കുറിച്ച് അറിയാൻ ഈ ഗൂഗിൾ അക്കൗണ്ട് വഴിയുള്ള കണക്ഷൻ വഴി സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോൺ നമ്പർ വഴിയുള്ള കണക്ഷൻ ആയതു കൊണ്ട് തന്നെ ഒരു ഡിവൈസ് മാത്രമേ ഇതിൽ ഉൾപ്പെടുത്താനാകൂ. അതുകൊണ്ട് ഒരേ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുന്ന ആളാണെങ്കിലും വ്യത്യസ്തമായ ഡിവൈസുകളിൽ നിന്ന് വ്യത്യസ്തമായ മെസേജ് തന്നെയാകും ചെയ്യാൻ കഴിയുക. അതായത് ഫോൺ നമ്പറിനെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് മെസേജിങ് നിലനിൽക്കുന്നതെന്ന് സാരം.