-->

വാട്ട്സാപ്പില്‍ പുതിയ സുരക്ഷാ സംവിധാനം...



പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (രഹസ്യകോഡുകൾ) വാട്ട്സാപ് നടപ്പിലാക്കി. പുതിയ അപ്ഡേഷനോടു കൂടി അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമൊഴികെ മറ്റാർക്കും (വാട്ട്സാപ് കമ്പനി ഉൾപ്പെടെ) സന്ദേശങ്ങൾ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. നിലവിൽ ടെക് കമ്പനികൾക്കും അമേരിക്കൻ സർക്കാരിനുമിടയിൽ നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സാപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രാവർത്തികമാക്കിയതെന്ന് കരുതപ്പെടുന്നു
ഉപയോക്താക്കളുടെ സന്ദേശങ്ങൾ ടാപ് ചെയ്യുന്നത് - അത് നിയമം പാലിക്കുന്നതിനായാൽ പോലും, സ്വകാര്യതയ്ക്കെതിരാണെന്ന നിലപാടിലാണ് ടെക് കമ്പനികൾ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ നിയമം പാലിക്കുന്നതിനായി സന്ദേശങ്ങൾ ചോർത്തുന്നതും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും വ്യക്തിഗത സുരക്ഷയ്ക്കെതിരാണ്. ഇത് സൈബർ ക്രിമിനലുകളും ഹാക്കർമാരും ഉപയോക്താക്കളുടെ വിവരങ്ങൾ സ്വന്തമാക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും കാരണമായേക്കുമെന്ന് വാട്ട്സാപ് വെളിപ്പെടുത്തുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനൊപ്പം എൻക്രിപ്ഷനുമായി ബന്ധപ്പെട്ട് കമ്പനിയുടെ മേലുണ്ടാകുന്ന അമിത സമ്മർദ്ദം ഇതിലൂടെ മറികടക്കാനാകുമെന്നും വാട്ട്സാപ് കണക്കുകൂട്ടുന്നു. ശക്തമായ എൻക്രിപ്ഷൻ സർക്കാരിനും ടെക് കമ്പനികൾക്കുമിടയിലുള്ള തുറന്ന പോരിനു വഴിതെളിച്ചിരുന്നു. യുകെയിൽ ഇത്തരത്തിൽ സർക്കാരുമായി സഹകരിക്കാത്ത കമ്പനികളെ വിലക്കണമെന്നുവരെ രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെടുകയുണ്ടായി.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക് കമ്പനിയോട് ഉപയോക്താക്കളുടെ സന്ദേശങ്ങൾ നൽകുന്നതിന് സമ്മർദ്ദം ചെലുത്താനാകില്ല. ഇനി ഉപയോക്താക്കളുടെ സന്ദേശങ്ങൾ സർക്കാരിനു നൽകാൻ കമ്പനി തീരുമാനിച്ചാലും സാധിക്കില്ലെന്നതാണ് ഈ അപ്ഡേഷന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. സെക്യൂരിറ്റി ടെക്നോളജി ഉപയോഗിച്ചാണ് ഏറ്റവും പുതിയ അപ്‍ഡേറ്റ് പ്രവർത്തിക്കുന്നത്. ഇതു മൂലം ഒരു ഡിവൈസിൽ നിന്നും മറ്റൊരു ഡിവൈസിലേക്ക് അയയ്ക്കുന്ന സന്ദേശം ടാപ് ചെയ്യാനാകില്ല.
ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾക്കും എല്ലാവിധ ആശയവിനിമയത്തിനും പരിപൂർണ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപംകൊടുത്തതാണു പുതിയ അപ്ഡേഷനെന്ന് വാട്ട്സാപ് ഔദ്യോഗിക ബ്ലോഗിലൂടെ വെളിപ്പെടുത്തി. പുതിയ അപ്ഡേറ്റഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ അയക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ഫയലുകൾ, വോയിസ് മെസേജുകൾ എന്നിവ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് വാട്ട്സാപ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. ഗ്രൂപ് സന്ദേശങ്ങൾക്കും ഇതു ബാധകമായിരിക്കും.
ഉപയോക്താക്കൾ സുഹൃത്തുക്കൾക്കോ ഗ്രൂപ്പിനോ അയയ്ക്കുന്ന സന്ദേശങ്ങൾ സൈബർ ക്രിമിനലുകൾ, ഹാക്കർമാർ, എന്തിന് വാട്ട്സാപ് കമ്പനിക്കോ വായിക്കാനോ മനസിലാക്കാനോ സാധിക്കില്ല. ഈ പുതിയ ഫീച്ചർ എല്ലാ സന്ദേശങ്ങളും തികച്ചും വ്യക്തിഗതമാക്കുന്നുവെന്നും നേരിട്ടു സംസാരിക്കുന്ന അനുഭവം പ്രദാനം ചെയ്യുമെന്നും വാട്ട്സാപ് കൂട്ടിച്ചേർക്കുന്നു.


വാട്ട്സാപ് സന്ദേശങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്ന ഉറപ്പും പുതിയ ഫീച്ചർ നൽകുന്നു. അതേ സമയം ഉപയോക്താക്കളുടെ സ്വഭാവം മനസിലാക്കുന്നതിന് ചില വിവരങ്ങൾ വാട്ട്സാപ് ശേഖരിക്കുന്നുണ്ട്. എൻഡ്-ടു-എൻക്രിപ്ഷൻ മറ്റു ചാറ്റ് പ്ലാറ്റ്ഫോമുകളും ഉടൻ സ്വീകരിക്കുമെന്ന് കരുതുന്നതായി വാട്ട്സാപ് വെളിപ്പെടുത്തുന്നു.